kharaaksharangal.blogspot.com - KHARAAKSHARANGAL

ഞായറാഴ്‌ച, മേയ് 15, 2011

വി.എസ്സ് വിജയിച്ചു

വസാനം അത് സംഭവിച്ചു. കേരളത്തില്‍ വി.എസ് തരംഗം ആഞ്ഞടിച്ചു. വന്‍ഭൂരിപക്ഷം പ്രതീക്ഷിച്ച് അമിതമായ ആത്മവിശ്വാസതോടെയും തെല്ല്‌ അഹങ്കാരത്തോടെയും തിരഞ്ഞെടുപ്പിനെ നേരിട്ട  യു.ഡി.എഫിന് നിരാശപ്പെടേണ്ടിവന്നു. വന്‍വിജയം കൊയ്ത മുസ്ലീംലീഗിന്റെ നേട്ടത്തില്‍ യു.ഡി.എഫിന് കേരളം ഭരിക്കുകയും ചെയ്യാം. ഇത് വിചിത്രമായ തിരഞ്ഞെടുപ്പ് ഫലം തന്നെ. മുഖ്യമന്ത്രി ഏത്  പാര്‍ട്ടിക്കാരനായാലും  മന്ത്രിസഭയെ  നിയന്ത്രിക്കുന്നത്‌  മുസ്ലീംലീഗായിരിക്കും  എന്നതില്‍  സംശയമില്ല. മുസ്ലീംലീഗിന്‍റെ നിര്‍ദ്ദേശം അവഗണിക്കാനുള്ള ധൈര്യം കോണ്‍ഗ്രസ്സിനില്ല  എന്നത്  എല്ലാവര്‍ക്കും  അറിയാവുന്ന  സത്യം. 

വിജയം ആര്‍ക്ക്? 
വിജയിച്ചത് യു.ഡി.എഫൊ എല്‍.ഡി.എഫൊ? സി. പി.എമ്മോ കൊണ്ഗ്രസോ? ഇവര്‍ ആരും അല്ല. വിജയിച്ചത് ഒരാള്‍ മാത്രം. വി.എസ്. അച്യുതാനന്തന്‍ എന്ന വ്യക്തി. സി. പി.എമ്മിന് വാദിക്കാം. വി.എസ് പാര്‍ടിയുടെ ഭാഗമാണെന്നും അതുകൊണ്ട് തന്നെ ഇത് പാര്‍ട്ടിയുടെ വിജയമാണെന്നും. അത് പാര്‍ട്ടി അണികള്‍ ഏറ്റു പറയുകയും ചെയ്യും. പക്ഷെ വി.എസ്സില്‍ വിശ്വസിച്ച് എല്‍.ഡി.എഫിന് വോട്ടുചെയ്ത നിഷ്പക്ഷമതികളായ വോട്ടര്‍മാര്‍ അതംഗീകരിക്കില്ല. അവര്‍ നോക്കിയത് കൊടിയുടെ നിറമല്ല. പ്രത്യയശാസ്ത്രവുമല്ല. മതികെട്ടാന്‍ മല കയറിയ, മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയ, ബാലകൃഷ്ണപ്പിള്ളയെന്ന അഴിമാതിക്കാരനെ ജയിലെലിത്തിച്ച, പെണ്‍വാണിഭക്കാരെ കൈയാമം വെക്കുമെന്ന് പറഞ്ഞ  വി.എസ്സിനെയാണ്‌. അവര്‍ വോട്ടു ചെയ്തു, വി.എസ്സ് വിജയിച്ചു.
സാധാരണക്കാരെ സംബന്ധിച്ചിടതോളം  ഇതൊക്കെത്തന്നെയാണ് കാര്യവും. അവര്‍ക്ക് വേണ്ടത് അവരെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. ഒരു രക്ഷകന്‍ ഉണ്ടെന്ന തോന്നലാണ്. അങ്ങനെ  ഒരു  തോന്നല്‍ ഉണ്ടാക്കിയെടുക്കാന്‍ വി.എസ്സിന് സാധിച്ചു. പാര്‍ടിയില്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന തോന്നല്‍ അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചു. സ്വന്തം നിലനില്‍പ്പിനുവേണ്ടി ആരെയും വെട്ടിനിരത്താറുള്ള വി.എസ്സ് അതിനു സാധിക്കാതെ വന്നപ്പോള്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായിക്കുണ്ടായിരുന്നെങ്കിലും പ്രകാശ് കാരാട്ടിണ്‌ടായിരുന്നില്ല. കമ്മ്യുണിസ്റ്റ് ജീവിത ശൈലിയും പാര്‍ട്ടി അച്ചടക്കവും കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രമേ ബാധിക്കുന്നുള്ളു. നിഷ്പക്ഷരായ വോട്ടര്‍മാരെ അത് ബാധിക്കുന്നില്ല. അവരുടെ വോട്ടുകളാണ് വി.എസ്സ് നേടിയത്. 
പ്പോള്‍ സി.പി.എമ്മിന്‍റെ നേതാക്കളും അണികളും പറയും പാര്‍ട്ടിയോടൊപ്പം നിന്നതുകൊണ്ടാണ് വി.എസ്സിന് ഈ പ്രഭാവം വന്നതെന്ന്. ശരിയാണ്, ഒരു കലാകാരന്‍ സ്റ്റേജില്‍ കഴിവ് പ്രകടിപ്പിക്കുമ്പോള്‍ മാത്രമാണ് അയാള്‍ കലാകാരനായി അംഗീകരിക്കപ്പെടുക. മൈതാനത്തില്‍ കളിക്കുമ്പോള്‍ മാത്രമേ ഒരാള്‍ കായികതാരമാവുന്നുള്ളൂ. അതുപോലെ വി.എസ്സ് തന്‍റെ പ്രഭാവം വര്‍ധിപ്പിക്കാനുള്ള വേദിയായി പാര്‍ട്ടിയെ ഉപയോഗപ്പെടുത്തി.

 


Translate