kharaaksharangal.blogspot.com - KHARAAKSHARANGAL

ശനിയാഴ്‌ച, ഡിസംബർ 17, 2011

ആദിവാസികളുടെ മകരവിളക്ക്


മകരവിളക്ക്‌ എന്ന പേരില്‍ പൊന്നമ്പലമേട്ടില്‍ വിളക്ക് തെളിയിക്കാനുള്ള അവകാശം ആദിവാസികള്‍ക്ക് തന്നെ തിരിച്ചുനല്‍കണമെന്ന അഭിപ്രായം തന്ത്രികുടുംബത്തില്‍നിന്ന് ഉണ്ടായിരിക്കുന്നു. വളരെ നല്ലൊരു അഭിപ്രായമായി ഇതിനെ കാണേണ്ടിയിരിക്കുന്നു.

ആത്മീയതയുടെ ഉടമസ്ഥത തങ്ങള്‍ക്കു മാത്രമായിരിക്കണമെന്നു ശഠിച്ചിരുന്ന പഴയ സവര്‍ണ്ണവിഭാഗത്തിന്റെ സര്‍ക്കാര്‍നിര്‍മ്മിത ആധുനികരൂപമായ ദേവസ്വംബോര്‍ഡ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ആദിവാസികളില്‍നിന്നും പിടിച്ചെടുത്ത ഈ ആചാരം പരിശുദ്ധമായിതന്നെ നിലനില്‍ക്കണമെങ്കില്‍ അതിന്റെ നിയന്ത്രണം യഥാര്‍ത്ഥ അവകാശികളുടെ കൈകളില്‍ തന്നെയായിരിക്കണം. അല്ലെങ്കില്‍ ശബരിമല പോലെ ഭണ്ഠാരപ്പെട്ടികളില്‍ വീഴുന്ന നാണയത്തുട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി വരുമാനത്തിന്റെ കണക്കുപറയുന്ന നിലയിലേക്ക് അതും തരംതാഴ്ന്നുപോകും. മാത്രമല്ല വനംമാഫിയയുടെ വിഹാരഭൂമിയാവും പൊന്നമ്പലമേട്. നഷ്ട്ടമാവുന്നത് ഒരു ആചാരത്തിന്റെ പരിശുദ്ധിമാത്രമല്ല, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആദിവാസികള്‍ക്കിടയിലെ ഒരു ഗോത്രസമൂഹമാണ്. പിന്നെ കോടിക്കണക്കിന് വിലവരുന്ന വന്‍മരങ്ങളും ഔഷധമൂല്യമുള്ള ചെറുസസ്യങ്ങളും അവയ്ക്കുള്ളില്‍ ജീവിക്കുന്ന വന്യജീവികളെയുമായിരിക്കും.

വര്‍ഷങ്ങളായി ദേവസ്വംബോര്‍ഡ് വിശ്വാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നു, മകരവിളക്കിന്റെ പേരില്‍. അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പരിശ്രമിച്ച വിശ്വാസികളും അവിശ്വാസികളും ആയ എല്ലാവരും അതിനു സദുദ്ദേശത്തോടെ(?) പ്രചാരം നല്‍കിയ മാദ്ധ്യമങ്ങളും  അഭിനന്ദനം അര്‍ഹിക്കുന്നവര്‍ തന്നെ. ശബരിമലയില്‍ എത്രയെത്ര നിഷ്കളങ്കരായ അയ്യപ്പന്‍മാരെയാണ് മകരവിളക്കിന്റെ പേരില്‍ ദേവസ്വംബോര്‍ഡ് ചൂഷണം ചെയ്തത്! വിമര്‍ശകരുടെയും മാദ്ധ്യമങ്ങളുടേയും നിരന്തര ഇടപെടല്‍ കാരണം മകരജ്യോതിയും മകരവിളക്കും രണ്ടാണെന്ന് സമ്മതിച്ച തന്ത്രികുടുംബം തന്നെ മകരവിളക്ക് ആദിവാസികള്‍ക്ക് വിട്ടുകൊടുക്കണമെന്ന് അഭിപ്രായപ്പെട്ടതിനെ സ്വാഗതം ചെയ്യാതെ വയ്യ. എല്ലാം പിടിച്ചടക്കിമാത്രം ശീലിച്ച സവര്‍ണ്ണവിഭാഗത്തില്‍നിന്ന് തന്നെ നല്ല നീക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ സന്തോഷമുണ്ട്. അത്തരം ആളുകള്‍ക്ക് പിന്തുണ നല്‍കുക എന്നത് തന്നെയാവണം യഥാര്‍ത്ഥ ആത്മീയത നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും ചെയ്യേണ്ടത്.

ഭണ്ഠാരപ്പെട്ടികളുടെ ഭാരം വര്‍ദ്ധിപ്പിക്കാന്‍വേണ്ടി ശീതളപാനീയം പോലെ വിറ്റഴിക്കാനുളളതല്ല ആത്മീയതയും വിശ്വാസവും ഭക്തിയും ഒന്നും. ദേവസ്വംബോര്‍ഡും തല്‍പ്പരകക്ഷികളും ചേര്‍ന്ന് ഉല്‍പ്പാതിപ്പിക്കുന്ന കപട ആത്മീയതയെയും വിശ്വാസികള്‍ തിരിച്ചറിയണം.

ശബരിമലയിലേത് ഒരു കാനനക്ഷേത്രമായിതന്നെ നിലനില്‍ക്കട്ടെ. ഭണ്ഠാരപ്പെട്ടിയിലെ നാണയത്തുട്ടുകളുടെ കിലുക്കങ്ങളെക്കാള്‍ അയ്യപ്പനിഷ്ട്ടപ്പെടുക കിളികളുടെ കൊക്കില്‍നിന്നുതിരുന്ന സംഗീതമാണ്, കാട്ടരുവികളുടെ ഒഴുക്കിന്റെ താളമാണ്, മരച്ചില്ലകളും വള്ളിപ്പടര്‍പ്പുകളുംചേര്‍ന്ന്  വീശുന്ന ഇളംകാറ്റാണ്, വന്യജീവികളുടെ കാവലാണ്. അത് അങ്ങനെതന്നെനിലനില്‍ക്കുകയും വേണം. കാരണം, നമ്മുടെ നാടിന്റെ ആത്മീയതയും വിശ്വാസങ്ങളും രൂപപ്പെട്ടത് പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ അടിത്തറയിലാണ്.

അതിനോടൊപ്പം പൊന്നമ്പലമേട്ടിലെ ആദിവാസികള്‍ അവരുടെ വിളക്ക് തെളിയിക്കണം. ഏതെങ്കിലും ദേവസ്വംഉദ്യോഗസ്ഥരോ പോലീസുകാരോ ആവരുത് അത് ചെയ്യുന്നത്. അവരുടെ ജീവിതവും വിശ്വാസവും കളങ്കപ്പെടാതെ അവര്‍ തെളിയിക്കുന്ന മകരവിളക്കില്‍ ശോഭിക്കണം. അതിന്റെ പരിശുദ്ധി ദൂരെനിന്നു ദര്‍ശിക്കാന്‍ നമുക്ക് കഴിയണം. വിശ്വാസങ്ങള്‍ ഇനിയും വില്‍ക്കപ്പെടാതിരിക്കട്ടെ.
***


ചിതരങ്ങള്‍ക്ക് കടപ്പാട്: മലയാള മനോരമ ഓണ്‍ലൈന്‍

Translate