kharaaksharangal.blogspot.com - KHARAAKSHARANGAL

ബുധനാഴ്‌ച, ഓഗസ്റ്റ് 26, 2015

മഹാബലിയുടെ സ്ഥാനം എവിടെയാണ്?



മഹാബലി ആയിരുന്നു നമ്മുടെ നാട് ഭരിച്ചിരുന്നത്. നീതിമാനും സത്യസന്ധനുമായ രാജാവായിരുന്നു അദ്ദേഹമെന്ന് നമ്മൾ മലയാളികൾ സമ്മതിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരു ഭരണമാണ് അന്നത്തെ  ചതിയിലൂടെ അട്ടിമറിക്കപ്പെട്ടത്. എന്നിട്ട് ആ പാവം മഹാബലിയെ നാടുകടത്തുകയോ വധിക്കുകയോ ചെയ്തിട്ടുണ്ടാവും എന്ന് കരുതാം. ഇതിനെ അക്കാലത്തെ സാമ്രാജ്യത്ത്വം എന്നോ ആര്യന്മാരുടെ  അധിനിവേശം എന്നോ പറയാം.

വർഷത്തിലൊരിക്കൽ പ്രജകളെ കാണാൻ മഹാബലി വരുന്നു എന്ന് വിശ്വസിക്കുന്ന ദിവസം വാമനനെ പൂജിക്കുന്നത് എന്തിനാണ്? മഹാബലിയെ അല്ലെ പൂജിക്കേണ്ടത്‌? അതിഥി ദേവോ ഭവ: എന്നല്ലേ? വാമനനെ പൂജിക്കുമ്പോൾ നമ്മുടെ മനസ്സിൽ മഹാബലിയുടെ സ്ഥാനം എവിടെയാണ്? കൊമ്പൻ മീശയും കുടവയറുമുള്ള, ധരിക്കാനിടയില്ലാത്ത പൂണൂൽ നിർബന്ധപൂർവ്വം ധരിക്കെണ്ടിവന്ന വെറുമൊരു കോമാളിയായി ചുരുങ്ങിപ്പോയതെന്തുകൊണ്ട്?

ഇനി നമ്മുടെ മാധ്യമങ്ങൾ പണ്ടത്തെ ഓണാഘോഷങ്ങൾ എന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നതോ തിരുവാതിരക്കളി, ഊഞ്ഞാലാട്ടം, ജന്മികളുടെ വീടുകളിലെ സദ്യയും തറവാട്ട്മഹിമയും ... എന്നിവയൊക്കെ പറഞ്ഞും. അപ്പോൾ ഈഴവനും പുലയനും പറയനും ആഘോഷിച്ചുകാണുമല്ലോ. സവർണ്ണർ തിരുവാതിരക്കളി കളിക്കുമ്പോൾ അവർണ്ണനും കളിച്ചിട്ടുണ്ടാവും എന്തെങ്കിലും കളി. സവർണ്ണൻ സദ്യയുണ്ണുമ്പോൾ അവർണ്ണൻ കുമ്പിളിൽ കഞ്ഞി കുടിച്ചിട്ടുണ്ടാവും. എന്തെങ്കിലും കിട്ടുമെന്ന് കരുതി തമ്പ്രാന്റെ വീടിനുമുന്നിൽ കാത്തുനിന്നിട്ടുണ്ടാവും. അവർക്കും പങ്കുവയ്ക്കാനുണ്ടാവും ഓണത്തിന്റെ ഓർമ്മകൾ...

ഐതിഹ്യം വിശ്വസിക്കാനും ആരാധിക്കാനും മാത്രം ഉള്ളതല്ലല്ലോ. ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കാനുംകൂടി ഉള്ളതാണ്.

എന്തായാലും ഓണം എന്നത് നമ്മൾ മനുഷ്യരുടെ മാത്രം ആഘോഷമല്ല. അത് പ്രകൃതിയുടെ ആഘോഷമാണ്. വസന്തത്തിന്റെ ആഘോഷം. നിറഞ്ഞുകവിഞ്ഞ പുഴയും തോടും, പച്ചപുതച്ചു നില്ക്കുന്ന ഭൂമിയും, പൂക്കൾക്ക് ചുറ്റും പറന്നുകളിക്കുന്ന പൂമ്പാറ്റകളും, പെയ്തൊഴിയാത്ത ആകാശവും ഇങ്ങനെയൊക്കെയായിരുന്നു തിരുവോണം. ഒരു മഹത്തായ സന്ദേശം നൽകുന്നുണ്ട് ഈ ആഘോഷം. ഉദാത്തമായ മാനവികത. നമ്മളിപ്പോൾ കൈയൊഴിഞ്ഞുകൊണ്ടിരിക്കുന്ന സമത്വം എന്ന സ്വപ്നം.  പക്ഷെ, ഇതൊക്കെ മഹാബലിയുടെ കഥപോലെ വെറുമൊരു മിത്തായി മാറിയേക്കാം. അന്നത്തെ തലമുറയുടെ ഓണാഘോഷം ഗൾഫ്നാടുകളിലെ പ്രവാസികളെ പോലെ ശീതീകരിച്ച മുറിയിൽ ഒതുങ്ങിപ്പോയെക്കാം. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
***

ഓണാശംസകൾ...

ചൊവ്വാഴ്ച, ഓഗസ്റ്റ് 18, 2015

വിജയൻ പെരുവണ്ണാൻ

വിജയൻ ചാത്തമ്പള്ളി വിഷണ്ട്ഠൻ തെയ്യമായപ്പോൾ  (2012ലെ അവധിക്കാലത്ത്‌ എടുത്ത ഫോട്ടോ)

എത്ര അപ്രതീക്ഷിതമായാണ് മരണം നമ്മളെ തേടിയെത്തുന്നത്!
ചായം തേച്ച് അണിഞ്ഞൊരുങ്ങിയ ഈ രൂപത്തിനകത്ത് പച്ചയായ ഒരു മനുഷ്യനുണ്ട്. ആത്മീയമായി തെയ്യം ദൈവത്തിന്റെ പ്രതിരൂപവും ഭൗതികമായി കലാരൂപവുമാണ്.
എന്നെക്കാൾ മൂന്ന് വയസ്സ് കൂടുതലുണ്ട് വിജയന്. എന്നാലും പേര് തന്നെയായിരുന്നു വിളിച്ചിരുന്നത്. ഒരുമിച്ച് കളിച്ചും തല്ലുകൂടിയും വളർന്നു. ആശയപരമായി വേർപിരിഞ്ഞപ്പോൾ രാഷ്ട്രീയം പറഞ്ഞു തർക്കിച്ചു. അവിചാരിതമായി ഒരിക്കൽ വിജയൻ അദ്ധ്യാപകനും ഞാൻ വിദ്യാർഥിയുമായി. സർക്കാർ ജോലി ഉപേക്ഷിക്കാതെതന്നെ ഒരു കലാകാരന്റെ ആത്മാർത്ഥതയോടെ ഉത്തരമലബാറിലെ കാവുകളിൽ തെയ്യമായി ഉറഞ്ഞാടി.
സംസാരിക്കാൻ തുടങ്ങിയാൽ ഷെല്ലിയും ഷെയിസ്ക്പീയറും ബർണാഡ് ഷായും തുടങ്ങി മാർക്സ് മുതൽ ഗോർബച്ചേവ് വരെയും കൃഷ്ണപ്പിള്ളമുതൽ എം.വി.രാഘവൻ വരെയും വേദവ്യാസനും വാല്മീകിയും മുതൽ കരിവെള്ളൂർ മുരളിവരെയും പരാമർശിക്കുമായിരുന്നു ഈ ഇംഗ്ലീഷ് ബിരുദധാരി.
ആത്മീയതയും വിപ്ലവവും ഒരേസമയം സ്വീകരിക്കുക എന്നത് ഉത്തരമാലബാറുകാരുടെ പ്രത്യേകതയാണ്. വിജയനും അതിൽ നിന്നും വ്യത്യസ്ഥനായില്ല. 1940കളിലെ കമ്മ്യുണിസ്റ്റ് സഹയാത്രികനായിരുന്ന കൃഷ്ണൻ പെരുവണ്ണാന്റെ കൊച്ചുമകന് വളരെ എളുപ്പമായിരുന്നു ഇത് രണ്ടും ഒരേസമയം ജീവിതത്തിൽ പകർത്താൻ. തെയ്യം കെട്ടിയാൽ പ്രതിഫലം കണക്കുപറഞ്ഞു വാങ്ങിച്ചിരുന്നില്ല മുൻതലമുറ. പഴയ അടിമത്തത്തിന്റെ അവശിഷ്ടങ്ങൾ ബാക്കിയുണ്ടായിരുന്നു എന്നുതന്നെ അതിനർത്ഥം. തെയ്യമെന്ന ദൈവത്തിന്റെ പ്രതിരൂപം ആവുന്നതിനുമുന്പ് സമ്പ്രദായങ്ങൾ തെറ്റിച്ച് പ്രതിഫലവും അവകാശവും ഒരു കലാകാരന്റെയോ തൊഴിലാളിയുടെയോ വിപ്ലവകാരിയുടെയോ സാമർഥ്യത്തോടെ പറഞ്ഞുറപ്പിച്ചു. അതുകൊണ്ട് സഹപ്രവർത്തകരിൽനിന്ന്തന്നെ വിമർശനങ്ങളും ഏറ്റുവാങ്ങി. ചായം തേച്ച് വേഷം മാറിയാൽ എല്ലാവരും കൈകൂപ്പി നിൽക്കുന്ന ദെവത്തിന്റെ പ്രതിരൂപമായി. അല്ലാത്തപ്പോൾ വിജയൻപെരുവണ്ണാൻ എന്ന സാധാരണ മനുഷ്യനായി.
ഏറ്റവും അവസാനം ഇതാ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആഗസ്ത് പതിഞ്ചാം തിയ്യതി  ഈ ലോകത്തുനിന്നുതന്നെ യാത്ര പറഞ്ഞിരിക്കുന്നു.
കടപ്പാട്:S r i Y e s h  (facebook)

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 07, 2015

പ്രാചീ ഷാ പാണ്ടേ

ഇവിടെ ഈ മരുഭൂമിയില്‍ വെന്തുരുകുമ്പോള്‍ ഒരു കുളിര്‍ മഴപോലെ ഇങ്ങനെ ചില കലാസന്ധ്യകള്‍.
നര്‍ത്തകി പ്രാചീ ഷാ പാണ്ടേയുടെ കഥക്. ബിർള സ്കൂൾ ഓഡിറ്റോറിയം ദോഹ.













Translate