kharaaksharangal.blogspot.com - KHARAAKSHARANGAL

ചൊവ്വാഴ്ച, ഫെബ്രുവരി 09, 2016

നമുക്ക് വേണ്ടത് ഇന്നലെയുടെ ഗൃഹാതുരത്വമല്ല


കേരളശബ്ദം, ഖത്തർ സപ്ലിമെൻറ്

ഏതൊരു വ്യക്തിക്കും സ്വന്തം നാടിനെക്കുറിച്ച് ഒരു കാഴ്ച്ചപ്പാടുണ്ടായിരിക്കണം. നമ്മൾ മലയാളികൾ അത്തരം കാഴ്ച്ചപ്പാടുകൾ വച്ചുപുലർത്തുന്നവരുമാണ്. കേരളം പുരോഗതി കൈവരിച്ചത് വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ പങ്കിടുകയും അതിൽനിന്ന് ആവശ്യമുള്ളത് സ്വീകരിക്കുകയും ആവശ്യമില്ലാത്തതിനെ നിരാകരിക്കുകയും ചെയ്തുകൊണ്ടാണ്. അങ്ങനെ നൂറ്റാണ്ടുകളായുള്ള കൊടുക്കൽ വാങ്ങലിലൂടെ വികസിച്ചുവന്ന ഒരു സാംസ്കാരിക പാരമ്പര്യമാണ് കേരളത്തിന്റെത്. നൂറ്റാണ്ടുകൾക്ക്മുൻപേ ഉണ്ടായിരുന്ന വിദേശബന്ധങ്ങൾ നമ്മുടെ സാംസ്കാരികപാരമ്പര്യത്തെ വളരേയധികം സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവാൻ സാധ്യതയില്ല. അറബിനാടുകളുമായും യൂറോപ്യൻ രാജ്യങ്ങളുമായും ചൈന, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളുമായും ഉണ്ടായിരുന്ന കച്ചവട ബന്ധങ്ങളിൽ കാർഷിക ഉൽപ്പന്നങ്ങളോടൊപ്പം സൗഹാർദപരമായി സംസ്കാരവും ഭാഷയും അറിവുകളും കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. അതിലൂടെയാണ് നമ്മുടെ സമൂഹം സാംസ്കാരികമായി വികസിച്ചുവന്നത്. ഇനിയും അത്തരം സൗഹൃദങ്ങളും കൊടുക്കലും വാങ്ങലും നമ്മുടെ നാടിന്റെ പുരോഗതിക്ക് ആവശ്യമാണ്‌.

സംസ്കാരം എന്നത് ഏതെങ്കിലും പ്രത്യേക കാലഘട്ടത്തിൽ ചെന്ന് അവസാനിക്കേണ്ട ഒന്നല്ല. എവിടെയെങ്കിലും പിടിച്ചുനിർത്താനുമാവില്ല. അതൊരു തുടർച്ചയാണ്. അതേസമയംതന്നെ അത് സമൂഹത്തിൽനിന്നും സ്വതന്ത്രമായി നിൽക്കുന്നുമില്ല. മനുഷ്യചരിത്രത്തോളം പഴക്കമുള്ള ഒരിക്കലും അവസാനിക്കാത്ത സാമൂഹ്യ പരിവർത്തനമാണത്. ഓരോ കാലഘട്ടത്തിലും സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സംസ്കാരത്തിലും സംസ്കാരത്തിന്റെ ഗുണ-ദോഷങ്ങൾക്കനുസരിച്ച് സമൂഹത്തിലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. അത് അങ്ങനെത്തന്നെ വേണം. അങ്ങനെ സംഭവിക്കുന്നുമുണ്ട്. രാഷ്ട്രീയവും സംസ്കാരവും ആഘോഷങ്ങളും മാറ്റിനിർത്തിക്കൊണ്ട് ഒരു കേരളീയനും സ്വന്തം നാടിനെ നോക്കിക്കാണാനാവില്ല. ജന്മനാടെന്ന് കരുതി വെറുതെ പാടിപ്പുകഴ്ത്തുന്നതിനുപകരം ജന്മനാടിനോടുള്ള സ്നേഹവും ആദരവും നിലനിർത്തികൊണ്ട്തന്നെ വിമർശനാത്മകമായ വിലയിരുത്തൽ നടത്താൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്. 

1956 ൽ കേരളസംസ്ഥാനം രൂപം കൊള്ളുമ്പോൾ ഉണ്ടായിരുന്ന സാമൂഹ്യപരവും സാംസ്കാരികപരവുമായ സാഹചര്യത്തിൽനിന്നും വളരെയേറെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട പലതരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. അതിലൊന്നാണ് ജാതീയമായ തരംതിരിവുകൾ. അക്കാലത്ത് നിലനിന്നിരുന്ന അവർണ്ണനും സവർണ്ണനും തമ്മിലുള്ള അസമത്വം ഇല്ലാതാക്കാനുള്ള ശ്രമം പൂർണ്ണമായും വിജയം കണ്ടില്ല. എന്നാൽ ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിൽ ഉള്ളതുപോലുള്ള ജാതിവിവേചനം കേരളത്തിൽ ഇല്ല എന്നത് ആശ്വാസം നൽകുന്നുണ്ട്.  സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നും അകന്നുനിൽക്കുന്ന ആദിവാസികളെയാണ് ഏറ്റവും നല്ല ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ സാധിക്കുക. ഈ വിഭാഗത്തെ എല്ലാ മേഖലകളിലും അവഗണിച്ചുകൊണ്ടാണ് നമ്മൾ പരിഷ്കൃതസമൂഹം വികസനമെന്നും പുരോഗതിയെന്നുമൊക്കെ വീമ്പുപറയുന്നത്. മാറിമാറി അധികാരം കൈയ്യാളിയവർ ഈ വിഭാഗത്തിനുവേണ്ടി  കൊണ്ടുവന്നതോ കൊണ്ടുവരാൻ ശ്രമിച്ചതോ ആയ പദ്ധതികൾ സവർണ്ണവിഭാഗത്തിലേയും സമ്പന്നവിഭാഗത്തിലേയും തൽപ്പരകഷികൽ തങ്ങളുടെ വോട്ടുബാങ്കിന്റെയും പണക്കൊഴുപ്പിന്റെയും സ്വാധീനം ഉപയോഗിച്ച് തുരങ്കം വച്ചതിനാലും ബ്യൂറോക്രസിയുടെ അലംഭാവത്താലും പരാജയപ്പെട്ടുകൊണ്ടിരുന്നു. അതിന്റെ ഫലമായി രോഗങ്ങൾക്ക് മതിയായ ചികിത്സ കിട്ടാതെയും വിശപ്പടക്കാൻ ഭക്ഷണം കിട്ടാതെ പട്ടിണികിടന്നും നേരത്തെ പറഞ്ഞ തല്പ്പരകകഷികളുടെയും ബ്യൂറോക്രസിയിലെ ചിലരും ചേർന്ന് നടത്തുന്ന വന്ധ്യംകരണം എന്ന കൊടുംക്രൂരതയാലും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ പാവങ്ങൾ അടിസ്ഥാനവിദ്യാഭ്യാസംപോലും ലഭിക്കാത്തവരായതുകൊണ്ടുതന്നെ അറിയാതെ ചതിക്കുഴിയിൽ വീഴ്ത്തപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലുതെന്ന് നമ്മൾതന്നെ പറയുന്ന ഒരു ജനാധിപത്യസംവിധാനം നിലനിൽക്കുന്ന നാട്ടിലാണ് ഇങ്ങനെയൊരു സമൂഹം ചൂഷണത്തിന് വിധേയരാവുന്നത് എന്ന് ചിന്തിക്കുമ്പോൾ നിരാശയല്ലാതെ മറ്റെന്ത് വികാരമാണ് ഉണ്ടാകുക?

കേരളസമൂഹം ഇന്നഭിമുഖീകരിക്കുന്ന മറ്റൊരു ഗുരുതരമായ പ്രശ്നമാണ് വർദ്ധിച്ചുവരുന്ന വർഗ്ഗീയധ്രുവീകരണം. ഏതാണ്ട് പതിനഞ്ച്-ഇരുപത് വർഷങ്ങൾക്ക് മുൻപുവരെ ഹിന്ദുക്കളും മുസ്ലീങ്ങളും കൃസ്ത്യാനികളും സൗഹൃദാന്തരീക്ഷത്തിന് കോട്ടംതട്ടാതെ അവരവരുടെ ആചാരനുഷ്ടാനങ്ങളിലും വിശ്വാസങ്ങളിലും ജീവിച്ചിരുന്നു എന്നോർക്കുമ്പോൾ ഒരു സ്വപ്നംപോലെ തോന്നുകയാണ്. ഇങ്ങനെയൊരു കാലമുണ്ടായിരുന്നു എന്ന് പുതിയ തലമുറയെ വിശ്വസിപ്പിക്കാൻ നമുക്ക് പ്രയാസമായിരിക്കും. ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഇടയിലാണ് ഈ ധ്രുവീകരണം കാര്യമായി സംഭവിച്ചിട്ടുള്ളത്. ഇരുവിഭാഗങ്ങളുടേയും വിശ്വാസപരമായ ദൗർബല്യങ്ങളെ മുതലെടുത്തുകൊണ്ട്‌ വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതറി ഒരു ജനതയെ ഇരുചേരികളിലേക്ക് വേർതിരിച്ചുനിർത്തുന്നതിൽ ജനാധിപത്യത്തിന്റെ ശത്രുക്കൾ വിജയിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ പുതിയ രാഷ്ട്രീയസാഹചര്യത്തിൽ ഏതുനിമിഷവും ഫാസിസ്റ്റ് വൽക്കരിക്കപ്പെട്ടേക്കാവുന്നതരത്തിൽ വളർന്നുകഴിഞ്ഞ വർഗ്ഗീയശക്തികൾക്കുമുന്നിൽ നമ്മുടെ ജനാധിപത്യം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിലൂടെ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ  പാരമ്പര്യമാണ്. എന്ത് വിലകൊടുത്തും അത് സംരക്ഷിച്ചുനിർത്താനുള്ള ചരിത്രപരമായ കടമ കേരളസമൂഹത്തിന് നിർവഹിക്കാനുണ്ട്.

അതുപോലെ പരിഹരിക്കപ്പെടേണ്ട ഒരു വിഷയമാണ് പരിസ്ഥിതിസംബന്ധമായ പ്രശ്നങ്ങൾ. വർഷങ്ങളായി കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയാണത്. നഗരങ്ങളിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ ബൃഹത്തായ ഒരു പദ്ധതി അടിയന്തിരമായി നടപ്പാക്കേണ്ടിയിരിക്കുന്നു. ഗൾഫ് രാജ്യങ്ങളെ നോക്കി റോഡുകളും ഷോപ്പിങ്ങ് മാളുകളും പണിയാൻ ഉത്സാഹം കാണിക്കുന്ന ഭരണാധികാരികൾക്ക് ഈ രാജ്യങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ മാതൃകയാക്കാൻ സാധിക്കാത്തതെന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. നമ്മുടെ നാടിന് അത്യാവശ്യമായ ഇത്തരം മാർഗ്ഗങ്ങൾ ആരംഭിക്കാതിരിക്കുകയും കൃഷിഭൂമിയും പാവപ്പെട്ടവന്റെ കിടപ്പാടവും നഷ്ടപ്പെടുത്തുന്ന വൻകിട വികസനപദ്ധതികൾ തുടങ്ങാൻ തിടുക്കം കൂട്ടുകയും ചെയ്യുകയാണ് അധികാരികൾ.

കേരളം പോലുള്ള ജനസാന്ദ്രതയേറിയതും കാർഷിക അടിത്തറയുള്ളതുമായ ഒരു സംസ്ഥാനത്ത് വൻകിട വ്യവസായപദ്ധതികളാണൊ ചെറുകിട വ്യവസായപദ്ധതികളാണൊ ഉചിതമെന്ന് ചിന്തിക്കണം.    കുടുംബശ്രീ പോലുള്ള കൂട്ടായ്മകൾ വളരെ സജീവമായി പ്രവർത്തിക്കുന്ന നാടാണ് കേരളം. വലുതും ചെറുതുമായ അനേകം സഹകരണസംഘങ്ങളുമുണ്ട്. ഈ പ്രസ്ഥാനങ്ങളെയൊക്കെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ചെറുകിട വ്യവസായ പദ്ധതികൾ ആരംഭിക്കുകയാണെങ്കിൽ കേരളം നേരിടുന്ന തൊഴിൽപ്രശ്നങ്ങൾക്ക് പരിഹാരമാവും എന്നുമാത്രമല്ല പാരിസ്ഥിതിക പ്രശ്നങ്ങൾ ഒരു പരിധിവരെ തടയാനും സാധിക്കും. അതോടൊപ്പംതന്നെ കൃഷിയും പ്രോൽസാഹിപ്പിക്കേണ്ടിയിരിക്കുന്നു. അന്യസംസ്ഥാങ്ങളിൽനിന്നും വരുന്ന കീടനാശിനികൾ തളിച്ച പച്ചക്കറികൾക്ക് പകരം പോഷകമൂല്യമുള്ള ജൈവ പച്ചകൃഷികൾ ഉൽപ്പാതിപ്പിച്ച് ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ നമുക്ക് സാധിക്കണം. വികസനനയം രൂപപ്പെടുത്തുമ്പോൾ സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ചയിൽ പ്രധാന പങ്കുവഹിച്ച പ്രവാസികൾക്ക്കൂടി പ്രയോജനപ്പെടുന്ന തരത്തിലായിരിക്കണം. 

വികസനത്തെക്കുറിച്ച് പറയുമ്പോൾ പൊതുവിദ്യാഭ്യാസമേഖലയെ പരാമർശിക്കാതിരിക്കാനാവില്ല. വിദ്യാഭ്യാസം നിലവാരമില്ലാതായിക്കൊണ്ടിരിക്കുന്നു എന്ന നിരാശാജനകമായ വാർത്തയാണ് നമ്മൾ കേൾക്കുന്നത്. പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് എഴുതാനും വായിക്കാനും സാധിക്കുന്നില്ലെന്ന് സർക്കാർതന്നെ സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു. ഉപഭോക്തൃസംസ്ഥാനമായ കേരളത്തിൽ വിദ്യാഭ്യാസംവരെ കമ്പോളവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിൽ   അതിശയോക്തിയില്ലായെന്നുമാത്രമല്ല കേരളത്തെക്കുറിച്ച് തീരെ അഭിമാനം തോന്നുന്നുമില്ല എന്നുതന്നെയാണ് ഖേദപൂർവ്വം പറയാനുള്ളത്. കുട്ടികൾ വെറും റോബോട്ടുകളേപ്പോലെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽനിന്ന് നാം മാറിയേ പറ്റു. അതിന് പൊതുവിദ്യാഭ്യാസമേഖലയുടെ നിലവാരം ഉയർന്നുവരേണ്ടത് അത്യാവശ്യമാണ്. പണക്കൊഴുപ്പിന്റെ പിൻബലത്തിൽ മനുഷ്യത്വമില്ലാത്ത ഡോക്ടർമാരെയും പരിസ്ഥിതിബോധമില്ലാത്ത എഞ്ചിനിയർമാരെയും പടച്ചുവിടാൻമാത്രമുള്ള വിദ്യാഭ്യാസരീതികൾ മാറണം. വിദ്യാഭ്യാസത്തിന്  മുടക്കിയ ലക്ഷങ്ങളും അതിന്റെ പലിശയും പലിശയുടെ പലിശയും ഏതുവിധേനയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെമാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാരും അവർക്ക് അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ജനങ്ങളുടെ കഴുത്തറുക്കുന്ന ആശുപത്രികളും നമുക്ക് വേണ്ട.

വികസനമെന്നത് കൃഷിഭൂമിയും വയലുകളും പുഴകളും തോടുകളും നികത്തിയും വനങ്ങൾ വെട്ടിനശിപ്പിച്ച്  കുന്നുകൾ ഇടിച്ചുനിരപ്പാക്കിയും  (ഇനി നികത്താനും നിരപ്പാക്കാനും ഒന്നും ബാക്കിയില്ലെന്നറിയാം.) നടപ്പാക്കേണ്ടതാണെന്ന കാഴ്ച്ചപ്പാടുകളിൽ  മാറ്റം വരണം. നിലവിലുള്ള റോഡുകളിലെ കുണ്ടും കുഴികളും നികത്താതെ മറ്റൊരു റോഡിന്റെ നിർമ്മാണത്തെക്കുറിച്ച് ആലോചിക്കുകയാണ് നമ്മൾ. മഴക്കാലത്ത് മഴയുടെ തോത് കുറയുമ്പോൾമാത്രം മഴയില്ലാത്തതിനെക്കുറിച്ച് വേവലാതിപ്പെടുന്നു. വേനൽക്കാലത്ത് ഭൂമി വറ്റിവരളുമ്പോൾ മാത്രം വരൾച്ചയെക്കുറിച്ച് ചർച്ച ചെയ്യുന്നു.  പെയ്യുന്ന മഴവെള്ളം സംഭരിക്കാനൊ അതിന് ജങ്ങളെ ബോധവല്ക്കരിക്കാൻവേണ്ടിയോ ഏതെങ്കിലും തരത്തിലുള്ള നടപടി ഭരിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാവാറില്ല. നമുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന കുളങ്ങൾ നല്ലൊരു മഴവെള്ളസംഭരണികളായിരുന്നു. അതും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

പ്രകൃതി നശിച്ചാലും വീടിനകം ശീതീകരിക്കാൻ യന്ത്രങ്ങൾ ലഭ്യമാണെന്ന അറിവും യാത്രചെയ്യാൻ എയർകണ്ടീഷനിങ്ങ് കാറുകളും വിമാനങ്ങളും ഉണ്ടെന്ന അഹങ്കാരവും കൂടിയാവുമ്പോൾ സ്വന്തം നാടിന്റെ നാശം നമ്മുടെതന്നെ കരങ്ങളിലൂടെയാവുന്നു. ഭൂമി നമ്മൾ മനുഷ്യർക്ക്‌ മാത്രം അവകാശപ്പെട്ടതാണെന്ന അബദ്ധധാരണ മനുഷ്യമനസുകളിൽനിന്നും എടുത്തുകളയുകയും അതിന്റെ അവകാശികൾ പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും മത്സ്യങ്ങളും എന്നുവേണ്ടാ സർവ്വജീവജാലങ്ങളുമാണെന്നും മനുഷ്യർ അതിലൊന്നുമാത്രമാണെന്നും നാം തിരിച്ചറിയണം.

നമുക്ക് വേണ്ടത് ഒരിക്കലും തിരിച്ചുകിട്ടാത്ത ഇന്നലെകളുടെ ഗൃഹാതുരത്വമല്ല. ഇന്നിന്റെ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ്. നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ്.
*****

(2015 കേരളപ്പിറവിദിനം ആഘോഷത്തോടനുബന്ധിച്ച് ഖത്തർ കെ.എം.സി.സി  കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ കലാവിഭാഗമായ 'ഗ്രാമിക' നടത്തിയ മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ ലേഖനം.)

Translate